ഗൃഹശ്രീ-2025 ഭവന പദ്ധതി
ഗൃഹശ്രീ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുന്ന സ്പോൺസർമാർ , ഗുണഭോക്താക്കൾ എന്നിവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ
സ്വന്തമായി 2 സെന്റ് /3 സെന്റ് ഭൂമിയെങ്കിലും കൈവശമുള്ള ദുര്‍ബല(EWS) വിഭാഗം/താഴ്‌ന്ന വരുമാന(LIG) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സന്നദ്ധ സംഘടന / എന്‍.ജി.ഒ/കാരുണ്യവാന്മാരായ വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെ വീട് നിര്‍മ്മാണത്തിനായി 3 ലക്ഷം രൂപ കേരള സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന പദ്ധതിയാണ് ഗൃഹശ്രീ-2025 ഭവനപദ്ധതി.
• പദ്ധതിയിൽ നിർമ്മിക്കുന്ന വീടിന്റെ വിസ്തീർണം പരമാവധി 83ച.മീ ആയി നിജപ്പെടുത്തിയിരിക്കുന്നു.
• ഗുണഭോക്താവുമായി രക്ത ബന്ധമുള്ളവർക്കോ കുടുംബാംഗങ്ങൾക്കോ സ്‌പോൺസർഷിപ്പ് നൽകാൻ സാധിക്കുകയില്ല.
• ഗുണഭോക്താവ് തന്നെ സ്പോൺസറായി അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല.കൂടാതെ കുടുംബാംഗങ്ങൾ തമ്മിൽ പരസ്‌പരം വീടുകൾ സ്പോൺസർ ചെയ്യാൻ അനുവദിക്കുന്നതല്ല
• സ്പോൺസർ ചെയ്യുന്നതിനുള്ള അപേക്ഷ ഓൺലൈനായി ഭവന നിർമ്മാണ ബോർഡിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതും, ആയതിന്റെ പകർപ്പ് ബോർഡിന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ നൽകേണ്ടതുമാണ്.
• സ്‌പോൺസർഷിപ്പ് അപേക്ഷ സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട ഗുണഭോക്താവിന്റെ പേരിൽ വസ്തു ഉണ്ടെന്നു സ്പോൺസർ ഉറപ്പുവരുത്തേണ്ടതാണ്.അല്ലാത്ത അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
• സ്പോൺസർ അപേക്ഷയുടെ പകർപ്പ് ഓഫീസിൽ ഹാജരാക്കുന്നതിനോടൊപ്പം ഗുണഭോക്താവിന്റെ പേരും മേൽവിലാസവും വീടുവയ്ക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ കരം തീരുവ രസീതിന്റെ പകർപ്പും റേഷൻകാർഡിന്റെ പകർപ്പും ഹാജരാക്കേണ്ടതാണ്.
• ഗുണഭോക്താവ് ധനസഹായത്തിന് അർഹരാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമെ സ്പോൺസർഷിപ്പ് അപേക്ഷകൾ സമർപ്പിക്കാൻ പാടുള്ളു.
• ഗുണഭോക്താവിനെ മാറ്റേണ്ടുന്ന സാഹചര്യം സംജാതമായാൽ സ്പോൺസറർ ഹെഡ് ഓഫീസിന്റെ അനുമതി തേടേണ്ടതുണ്ട്. ആയത് ഗഡുക്കൾ വിതരണം ചെയ്യുന്നതിനു മുമ്പ് മാത്രമെ അനുവദിക്കുകയുമുള്ളു.
• അഞ്ചിൽ കൂടുതൽ ഗുണഭോക്താക്കളെ സ്പോൺസർ ചെയ്യുന്ന വ്യക്തികൾ/സംഘടനകൾ എന്നിവർ ബോർഡിൽ നിന്നും അനുവാദം ലഭിക്കുന്ന മുറക്ക് ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട രേഖകൾ നൽകിയാൽ മതിയാകുന്നതാണ്.
• ഗുണഭോക്താവ് ഏതു ജില്ലയിലാണോ വീടുവയ്ക്കുവാൻ ഉദ്ദേശിക്കുന്നത് എന്നു മനസ്സിലാക്കി അതേ ജില്ലയിൽ തന്നെ സ്പോൺസർ അപേക്ഷ രജിസ്റ്റർ ചെയ്യുന്നത് അഭികാമ്യമായിരിക്കുന്നതാണ്.
• സർക്കാരിൽനിന്നും സബ്സിഡിക്കുള്ള തുക അനുവദിക്കുന്ന മുറക്കു മാത്രമെ സബ്സിഡി വിതരണം ചെയ്യാൻ സാധിക്കുകയുള്ളു.
• സ്പോൺസർ വിഹിതമായി നിക്ഷേപിക്കുന്ന സംഖ്യക്കോ, ഗുണഭോക്ത്ര വിഹിതത്തിനോ ബോർഡ് പലിശ നൽകുന്നതല്ല.
• എല്ലാ അപേക്ഷകളും ബോർഡ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായിരിക്കുവാൻ സ്പോൺസർമാർ ശ്രദ്ധിക്കേണ്ടതാണ് അപ്രകാരമല്ലാത്ത എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്.
ഇതിനായി സന്നദ്ധ സംഘടന / എന്‍.ജി.ഒ / കാരുണ്യവാന്മാരായ വ്യക്തികള്‍ സമർപ്പിക്കുന്ന സ്പോൺസർ ചെയ്യാൻ ഉള്ള അപേക്ഷയിൽ അനുമതി ലഭിക്കുന്ന മുറക്ക് ഒരു ലക്ഷം രൂപ കേരള ഭവന നിര്‍മ്മാണ ബോർഡിൻറെ ജില്ലാ ഓഫീസുകളിൽ ഒടുക്കി ഗുണഭോക്താവിന്റെ വിവരങ്ങള്‍,പണമടച്ചത് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഓൺലൈൻ പോർട്ടലിൽ നൽകേണ്ടതാണ്. അപേക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കു ശേഷം ഗുണഭോക്താവിന്റെ വിഹിതമായ ഒരു ലക്ഷം രൂപ കേരള ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ഒടുക്കേണ്ടതാണ്.
ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന വീടിന്റെ പരമാവധി തറ വിസ്തീർണം 83 ച.മീറ്റർ അധികരിക്കാൻ പാടുള്ളതല്ല.സ്പോൺസറും ഗുണഭോക്താവും ഈ വിവരം പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്.തറവിസ്തീർണ്ണം അധികരിക്കുന്ന കേസുകളിൽ ധന സഹായം അനുവദിക്കുന്നതല്ല
ഗുണഭോക്താവ് സർക്കാറിന്റെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്ത പട്ടിക ലിസ്റ്റിൽ ഉൾപെട്ടവരോ ,വീട് നിർമ്മാണത്തിന് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചവരോ ആകരുത്
സ്പോൺസറുടെ അപേക്ഷകൾ സൂഷ്മ പരിശോധന നടത്തി, ബോർഡ് ആസ്ഥാന ഓഫീസിൽ നിന്ന് ജില്ലാ തലത്തിൽ ടാർഗറ്റ് അനുസരിച്ചാണ് വീടുകൾ അനുവദിക്കുന്നത്.സ്പോൺസറുടെ അപേക്ഷയിൽ അംഗീകാരം ലഭിക്കുകയും, കേരള സര്‍ക്കാരില്‍ നിന്നും മൂന്നു ലക്ഷം രൂപയുടെ സർക്കാർ സബ്‌സിഡി ലഭ്യമാകുകയും ചെയ്യുന്ന മുറക്ക് വീടിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി നാല് തവണകളായി ഈ തുക ഗുണഭോക്താവിന് ലഭ്യമാക്കുന്നതുമാണ്.