ദുർബല വരുമാനക്കാർക്കായുള്ള
ഭവന പദ്ധതി
ബോര്ഡ് ആദ്യകാലങ്ങളിൽ നടപ്പാക്കിയിട്ടുള്ള പൊതു ഭവന പദ്ധതികളിൽ ദുർബ്ബല വിഭാഗക്കാർക്ക് ഒരു നിശ്ചിത ശതമാനം പ്ലോട്ടുകളും വീടുകളും നീക്കി വച്ചിരുന്നു. ഉയർന്ന വരുമാനക്കാർക്കായുള്ള പദ്ധതികളിൽ ലാഭം ചുമത്തി, ആ തുക ഉപയോഗിച്ച് ഈ പദ്ധതികൾക്ക് "ക്രോസ്-സബ്സിഡിയും നൽകിയിരുന്നു. ദുർബ്ബല വിഭാഗക്കാർക്കായി ബോർഡ് ഏർപ്പെടുത്തിയ ഒരു വലിയ പദ്ധതിയാണ് 616 ഫ്ളാറ്റുകളുള്ള ചെങ്കൽച്ചൂള ചേരി നിർമ്മാജ്ജന പദ്ധതി. ഈ പദ്ധതി 1977 മുതൽ ഘട്ടം ഘട്ടംമായി നടപ്പിലാക്കി. ദുർബ്ബല വിഭാഗക്കാർക്കായുളള വായ്പാ പദ്ധതിയാണ് ബോർഡിന് 1977 മുതൽ ഏറ്റുവുമധികം ഗുണഭോക്താക്കളെ നേടിത്തന്നത്. ധനകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ ഏജൻസികൾ എന്നിവ ഉയർന്ന, ഇടത്തര വരുമാന വിഭാഗക്കാരുടെ പാർപ്പിടാവശ്യം നിർവ്വഹിക്കുന്നതിനു 1970 കളുടെ അവസാനം മുതൽ വർദ്ധിച്ചതോതിൽ രംഗത്തെത്തിയപ്പോൾ, സാമ്പത്തിക ശക്തിയും തിരിച്ചടവുശേഷിയും കുറഞ്ഞ ഒരു വലിയ വിഭാഗത്തിന്റെ പിന്നിൽ ഏറ്റവും വലിയ ശക്തിയായി നിലകൊണ്ട ഭവന നിർമ്മാണ ബോർഡ് ഈ രംഗത്ത് സാമ്പത്തിക സന്തുലിതാവസ്ഥക്ക് ഏറ്റവും അധികം സംഭാവന നൽകിയ സ്ഥാപനമാണ്. ഈ സ്ഥാപനത്തിൻറെ ഏറ്റവും വലിയ ശക്തിയും സാദ്ധ്യതയും ഈ സംരംഭമാണെന്നതിൽ തർക്കമില്ല.
എയ്ഡഡ് സെൽഫ് - ഹെൽപ്പ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സ്കീം
1978 മുതൽ എയ്ഡഡ് സെൽഫ് - ഹെൽപ്പ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സ്കീം എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചു. ഹൗസിംഗ് ബോർഡ്, ഹഡ്കോ, സംസ്ഥാന സഹകരണ ബാങ്ക് എന്നീ ഏജൻസികൾ ചേർന്ന് നടപ്പാക്കിയ ഒരു പദ്ധതിയാണിത്. ഹഡ്കോയിൽ നിന്നുള്ള വായ്പയായ 2000 രൂപയും സർക്കാർ ഗ്രാൻറായ 500 രൂപയും സംസ്ഥാന സഹകരണ ബാങ്കിൽ നിക്ഷേപിച്ച് ബാങ്കിൻറെ വിഹിതമായ 800 രൂപ വായ്പയും ചേർത്ത് 3300 രൂപ ഗുണഭോക്താവിന് നൽകുന്ന പദ്ധതിയായിരുന്നു ഇത്. ഗുണഭോക്ത്യ വിഹിതമായ 700 രൂപ കൂട്ടിച്ചേർത്ത് 4000 രൂപയുടെ ഒരു പദ്ധതിയായിട്ടാണ് ഇത് നടപ്പാക്കിയത്. ഈ പദ്ധതി പ്രകാരം 1 ലക്ഷം വീടുകളാണ് ലക്ഷ്യമിട്ടിരുന്നത്. ഈപദ്ധതിയിൽ 50000 പേർക്ക് വായ്പ വിതരണം ചെയ്തു.
കോമ്പസിറ്റ് ലോൺ പദ്ധതി
കേരള ചെത്തു തൊഴിലാളി ക്ഷേമനിധി ഫണ്ടിൽ നിന്നും രണ്ടു കോടി രൂപ കടമെടുത്ത് ബോർഡ് നടപ്പാക്കിയ ഭവന വായ്പാ പദ്ധതിയിലും ദുർബ്ബല വിഭാഗക്കാർക്കുള്ള വിഹിതമുണ്ടായിരുന്നു എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. തുടർന്ന് 1979 ൽ ഹഡ്കോയിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ച കോമ്പസിറ്റ് ലോൺ പദ്ധതിയിലും ദുർബ്ബല വിഭാഗക്കാരുടെ ഭവന വായ്പക്കായി തുക വകയിരുത്തിയിരുന്നു. എന്നാൽ ഈ പദ്ധതിയിൽ സബ്സിഡി ഉണ്ടായിരുന്നില്ല. പലിശനിരക്ക് 7.5 ശതമാനമായിരുന്നു.
1979-80 കാലഘട്ടത്തിൽ ദുർബല വിഭാഗക്കാർക്കായി ജനറൽ ഇൻഷുറൻസ് പദ്ധതിയിൽ നിന്നും സർക്കാർ വഴി ലഭിച്ച വായ്പ ഉപയോഗിച്ച് മറ്റൊരു പദ്ധതിയും നിലവിൽ വന്നു. ഈ പദ്ധതിയുടെ വായ്പ 8 ശതമാനം പലിശനിരക്കിൽ 240 മാസം കൊണ്ട് തിരിച്ചടയ്ക്കേണ്ടിയിരുന്നു.
കുടികിടപ്പുകാർക്കുള്ള ഭവന വായ്പ പദ്ധതി
1981 മുതൽ ദുർബല വിഭാഗക്കാർക്കായി ബോർഡ് നടപ്പാക്കിയ മറ്റൊരു പ്രധാന ഭവന വായ്പാ പദ്ധതിയായിരുന്നു കുടികിടപ്പുകാർക്കുള്ള ഭവന വായ്പാ പദ്ധതി. ഹഡ്കോയുടെ സാമ്പത്തികസഹായത്തോടെ ദുർബ്ബല വിഭാഗക്കാർക്കായി നടപ്പാക്കിയ ആദ്യകാലത്തെ ശ്രദ്ധേയമായ ഒരു പദ്ധതിയായിരുന്നു ഇത്. ഹഡ്കോയിൽ നിന്നുള്ള 4000 രൂപ വായ്പ കുടികിടപ്പുകാർക്കുള്ള വികസന ഫണ്ടിൽനിന്നും 1000 രൂപയും ചേർത്ത് 5000 രൂപയുടെ ഒരു പദ്ധതി ആയിട്ടാണ് നടപ്പിലാക്കിയത്. വായ്പാത്തുക 5 ശതമാനം പലിശ ചേർത്തു 19 വർഷം കൊണ്ട് തിരിച്ചടയ്ക്കേണ്ട പദ്ധതിയായിരുന്നു ഇത്.
സബ്സിഡൈസ്ഡ് എയ്ഡഡ് സെൽഫ് - ഹെൽപ് ഹൗസിംഗ് സ്കീം (SASH).
1984 ൽ ദുർബല വിഭാഗക്കാർക്കായി സന്നദ്ധസംഘടനകളുടെ സഹായത്താൽ നടപ്പാക്കിയ പദ്ധതിയായിരുന്നു സബ്സിഡൈസ്ഡ് എയ്ഡഡ് സെൽഫ് - ഹെൽപ് ഹൗസിംഗ് സ്കീം (SASH). ഈ പദ്ധതി പ്രകാരം 4000 രൂപ വായ്പയും, 1000 രൂപ സന്നദ്ധസംഘടനാ വിഹിതവും ആയിരം രൂപ ഗുണഭോക്തൃ വിഹിതവുമായിരുന്നു. വായ്പാ തുക അഞ്ചു ശതമാനം പലിശ ചേർത്തു ഒമ്പത് വർഷം കൊണ്ട് തിരിച്ചയക്കേണ്ട പദ്ധതിയായിരുന്നു ഇത്
പുനരധിവാസ ഭവനപദ്ധതി
1977 മുതൽ ദുർബല വിഭാഗക്കാർക്കായി ആരംഭിച്ച മേൽപ്പറഞ്ഞ പദ്ധതികളുടെ ബാഹുല്യം കണക്കിലെടുത്ത് ഈ പദ്ധതികൾ സംയോജിപ്പിച്ച് പുനരധിവാസ ഭവനപദ്ധതി എന്ന പേരിൽ ജില്ലാഭരണകൂടം വഴി 1985 മുതൽ നടപ്പാക്കാൻ തുടങ്ങി. 1985ല് നടപ്പാക്കിയ ഒന്നാം ഘട്ടത്തിലും 1986ല് നടപ്പാക്കിയ രണ്ടാം ഘട്ടത്തിലും വായ്പ തുക 4500 രൂപയും സബ്സിഡി 1500 രൂപയും ആയിരുന്നു. പലിശനിരക്ക് 8.75 ശതമാനവും തിരിച്ചടവ് കാലാവധി 9 വർഷവുമായിരുന്നു.
1989 മുതൽ ഈ പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ വായ്പത്തുക 7500 രൂപയാക്കി. സബ്സിഡി 1500 രൂപയായി തുടർന്നു. പലിശനിരക്ക് 8.5 ശതമാനമായി കുറയ്ക്കുകയും തിരിച്ചടവ് കാലാവധി 16 വർഷമായി വർധിപ്പിക്കുകയും ചെയ്തു. 1990ൽ കൈരളി എന്ന പേരിൽ മറ്റൊരു പദ്ധതി ആവിഷ്കരിച്ചു ജില്ലാഭരണകൂടം വഴി നടപ്പാക്കി. ഈ പദ്ധതിയിൽ സബ്സിഡി ഉണ്ടായിരുന്നില്ല. വായ്പത്തുക 9500 രൂപയും തിരിച്ചടവ് കാലാവധി 14 വർഷവും ആയിരുന്നു. ഇതേ വർഷം തന്നെ ബീഡിത്തൊഴിലാളികൾക്കായി 6500 രൂപ വായ്പയും 2000 രൂപ സബ്സിഡിയുള്ള മറ്റൊരു പദ്ധതിയും നടപ്പാക്കി. കൂടാതെ പുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ വ്യവസ്ഥകൾ അതേപോലെ നിലനിർത്തിക്കൊണ്ട് നാലാംഘട്ടവും ജില്ലാ കളക്ടർമാർ വഴി നടപ്പാക്കി. തുടർന്ന് 1991 കൈത്തറി തൊഴിലാളികൾക്കായി ആയി 9800 രൂപ വായ്പയും 2000 രൂപ സബ്സിഡിയുമായുള്ള മറ്റൊരു പദ്ധതിയും ആരംഭിച്ചു.
രാജീവ് ദശലക്ഷപാർപ്പിട പദ്ധതി
1992 മുതൽ ദുർബല വിഭാഗകാർക്കായുള്ള പദ്ധതി രാജീവ് ദശലക്ഷപാർപ്പിട പദ്ധതിയുടെ ഭാഗമായി. 12,500 രൂപ വായ്പയും 2500 രൂപ സബ്സിഡിയുമായി തുടങ്ങിയ പദ്ധതിയിലെ ധനസഹായം 26400 രൂപയായി 1995-ൽ വർദ്ധിപ്പിച്ചു. ഇതിൽ 17400 രൂപ വായ്പയും 9000 രൂപ സബ്സിഡിയും ആയിരുന്നു. തിരിച്ചടവ് കാലാവധി 16 വർഷവും പലിശനിരക്ക് 13.5 ശതമാനവും ആയിരുന്നു. 1994 മുതൽ ഈ പദ്ധതിക്ക് 8.5 ശതമാനം പലിശ സബ്സിഡി അനുവദിച്ചു തുടങ്ങി.
1992 മുതൽ പുറമ്പോക്ക് നിവാസികളെ പുനരധി വസിപിക്കുവനായി ആരംഭിച്ച ഹൗസിംഗ് കോംപ്ലക്സുകൾ എന്ന പദ്ധതി പ്രകാരം 200 പഞ്ചായത്തുകളിലായി 10,000 വീടുകൾ നിർമ്മിക്കാൻ ലക്ഷ്യമിട്ടിരുന്നു.
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി
1992-ൽ ജില്ലാഭരണകൂടം വഴി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയും ഈ കാലഘട്ടത്തിൽ നടപ്പിലാക്കി. 6000 രൂപ വായ്പയും, 4500 രൂപ വീതം സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ സബ്സിഡിയും ചേർത്ത് 15,000 രൂപയുടെ പദ്ധതിയായിരുന്നു ഇത്.