അവാർഡുകൾ /

നേട്ടങ്ങൾ

സ്റ്റേറ്റ് ഹൗസിംഗ് ബോർഡുകളുടെ ആദ്യ അഖിലേന്ത്യാ കോൺഫെറൻസിന് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് 1979 ഒക്ടോബറിൽ വിജയകരമായി ആതിഥേയത്വം വഹിച്ചു. 15.10.1978 മുതൽ 15.7.1979 (9 മാസം) വരെ നടന്ന ആൾ ഇന്ത്യ റൂറൽ ഹൗസിംഗ് കോമ്പറ്റീഷനിൽ ഭവന നിർമ്മാണ ബോർഡും പങ്കെടുക്കുകയും 200 വീടുകൾ ഉൾക്കൊള്ളുന്ന ബോർഡിൻറെ ആദ്യത്തെ (തിരുവനന്തപുരം ജില്ലയിലെ ആര്യനാട്) ഗ്രാമീണ ഭവന നിർമ്മാണ പദ്ധതിക്ക് അഖിലേന്ത്യാ തലത്തിൽ മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.

ഹഡ്‌കോ അവാർഡ്

മികവുറ്റ ഭരണ നേതൃത്വം, ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലെ പ്രവർത്തന സാന്നിദ്ധ്യം, വൈവിധ്യമാർന്ന ഭവന/നിർമ്മാണ/വായ്‌പ പദ്ധതികൾ, സർക്കാർ ബോർഡ് പരസ്‌പര ധാരണയും സഹകരണവും എന്നിവയാൽ കേരള ജനതയുടെ വിശ്വാസം ആദ്യ ദശകത്തിൽ തന്നെ ആർജ്ജിക്കുവാൻ പാർപ്പിട രംഗത്തെ ആദ്യകാല പൊതു മേഖല സ്ഥാപനമെന്ന നിലയിൽ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിനു സാധിക്കുകയുണ്ടായി.

1995-2000 കാലഘട്ടങ്ങളിൽ ഹഡ്കോ കേരളത്തിൻറെ ഭവനനിർമ്മാണ രംഗത്ത് മുതൽ മുടക്കിയിട്ടുള്ള ഏതാണ്ട് 3000 കോടി രൂപയിൽ, 2200 കോടി രൂപയും കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡ് വഴിയാണ് നടപ്പാക്കിയതെന്നത് ബോർഡിൻറെ ഏറ്റവും വലിയ നേട്ടമാണ്.1992-93 ലും, 1994 - 1995 ലും 1996 -97 മുതൽ 1999 -2000 വരെ തുടർച്ചയായി നാലു വർഷവും ഹഡ്‌കോ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിനെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഏജൻസി ആയി തിരഞ്ഞെടുത്തു. കാലത്തിൻറെ മാറ്റം ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തനശൈലി മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് എന്ന ഉദ്ദേശത്തോടെ ബോർഡിൻറെ പ്രവർത്തനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാൻ ISO 90001: 2015, ISO 14001: 2015 എന്നീ സർട്ടിഫിക്കേഷനുകൾ 2019-ൽ ഭവന നിർമ്മാണ ബോർഡിന് ലഭിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്ട്രക്ച്ചറൽ ഡിസൈൻ ഉൾപ്പെടെയുള്ള മാരമത്ത് പ്രവർത്തികൾക്കുള്ള അക്ക്രഡിറ്റഡ് ഏജൻസിയായി ഭവന നിർമ്മാണ ബോർഡിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവായത് ബോർഡിൻറെ കാര്യക്ഷമതയ്ക്കും സുതാര്യതയ്ക്കും, വിശ്വസ്തതയ്ക്കുമുള്ള അംഗീകാരം തന്നെയാണ്.